കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ 194 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത കോപ്പന്‍ഹേഗന്‍ സമ്മേളനം അര്‍ഥവത്തായ തീരുമാനത്തില്‍ എത്തിയില്ല. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മില്‍ വ്യാവസായിക വളര്‍ച്ചയെച്ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് അവിടെ നടന്നത്.
ലോകത്താകമാനം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓകൈ്‌സഡിന്റെ അളവ് അപകടകരമാംവിധം വര്‍ധിച്ചിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ഥ്യമാണ്. അവസരത്തിന്റെ ഒരു ചെറിയ വാതായനം മാത്രമാണ് നമുക്കു മുന്നിലുള്ളത്. അതു വളരെ വേഗം അടഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഒരുനിമിഷം പോലും ഇനി പാഴാക്കരുത്. നൊബേല്‍ സമ്മാന ജേതാവും കാലാവസ്ഥാവ്യതിയാനം സംബന്ധിച്ചഅന്താരാഷ്ട്രസമിതി (ഐ.പി.സി.സി.) ചെയര്‍മാനുമായ ഡോ. രാജേന്ദ്രകുമാര്‍ പച്ചൗരിയുടെ വാക്കുകളാണിത്.
അതിഭീകരമായൊരു വിപത്തിനെയാണ് ലോകം നേരിടാന്‍ പോകുന്നത്. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ഭീഷണി നേരിടുന്നതിനായി ലോകരാജ്യങ്ങള്‍ അതിബൃഹത്തായ പദ്ധതികള്‍ തയ്യാറാക്കുകയും സാഹചര്യങ്ങളെ അനുകൂലമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. താപവര്‍ധന മൂലം കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത് പ്രവചനാതീതമായ ദുരന്തങ്ങളായിരിക്കും. കേരളത്തിന്റെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന വന്‍ വിപത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ പോലും നമുക്കു കഴിയുന്നില്ല. ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയും ജീവജാലങ്ങളും നേരിടുന്ന വെല്ലുവിളി അന്തരീക്ഷ താപവര്‍ധനയും സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ ഉയര്‍ച്ചയുമാണ്.
വര്‍ധിത താപനംകൊണ്ട് സമുദ്ര ജലനിരപ്പ് 2050 ആകുന്നതോടെ ഒരുമീറ്റര്‍ ഉയരുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇത്തരമൊരു സ്ഥിതി സംജാതമാകുന്നതോടെ കേരളത്തിന്റെ വികസന മേഖലയായ കൊച്ചിയടക്കം വിസ്തൃതമായൊരു പ്രദേശം കടലിനടിയിലാകും. കുട്ടനാടും നാഷണല്‍ ഹൈവേയും അപ്രത്യക്ഷമാകും. കേരളത്തിലെ 44 നദികളിലും ഓരുജലം നിറയും. ശക്തമാകുന്ന തിരകള്‍ അവശേഷിക്കുന്ന സ്ഥലത്തും നാശം വിതച്ചുകൊണ്ടിരിക്കും. ഒരു കോടിയോളം ജനങ്ങള്‍ക്ക് വീടും വസ്തുവും ഇല്ലാതാകും. ബാക്കി വരുന്ന മലനിരകളിലേക്ക് ഇവര്‍കൂടി കുടിയേറുമ്പോഴുണ്ടാകുന്ന അരക്ഷിതാവസ്ഥ ആലോചിക്കാനാവുമോ? കൂടുന്ന പ്രകൃതി ദുരന്തങ്ങള്‍, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംരക്ഷണമേഖല എന്നിവയുടെ തകര്‍ച്ച, ആവാസ വ്യവസ്ഥകളിലും ജൈവവൈവിധ്യത്തിലുമുണ്ടാകുന്ന തകിടംമറിച്ചിലുകള്‍, ശുദ്ധജല ദൗര്‍ലഭ്യം, തീരപ്രദേശങ്ങള്‍ക്കും വനത്തിനുമുണ്ടാകുന്ന നാശങ്ങള്‍ തുടങ്ങി വിനോദസഞ്ചാര മേഖലയെ വരെ തകര്‍ക്കുന്ന വിപത്തിനെ നാം നേരിടാന്‍ പോകുകയാണ്.
25 വര്‍ഷത്തിനകം കൊച്ചി പൂര്‍ണമായി കടലിനടിയിലാകുമെന്നാണ് നിഗമനം. 2050 ആകുന്നതോടെ കൊല്ലം, തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്കും കനത്തനാശം നേരിടേണ്ടിവരും.
മാലദ്വീപും അടുത്ത നാളുകളില്‍ അപ്രത്യക്ഷമാകുമെന്നാണ് സൂചന. പശ്ചിമബംഗാള്‍ സുന്ദര്‍ബനില്‍ ഇതിനകം തന്നെ പലദ്വീപുകളും വെള്ളത്തിനടിയിലായിക്കഴിഞ്ഞു. 2007 മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റ് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും പതിനായിരത്തിലേറെ പേരുടെ മരണത്തിനു കാരണമായി. ലക്ഷക്കണക്കിനാളുകളെ അഭയാര്‍ഥികളാക്കി.
ലോകത്ത് സമുദ്രനിരപ്പില്‍നിന്ന് 10 മീറ്റര്‍ ഉയരത്തിനു താഴെ 630 ദശലക്ഷം ആളുകള്‍ താമസിക്കുന്നുണ്ട്. അന്തരീക്ഷതാപനം വര്‍ധിക്കുന്നതനുസരിച്ച് നദീതടങ്ങളുടെ വൃഷ്ടിപ്രദേശത്തെ ജല സന്തുലനത്തിനു മാറ്റം വരികയും ആവാസ വ്യവസ്ഥകളെയൊക്കെ കാര്യമായി ബാധിക്കുകയും ചെയ്യും. പ്രത്യക്ഷമായി 630 ദശലക്ഷം പേരെയും പരോക്ഷമായി മുഴുവന്‍ ജനങ്ങളെയും സമുദ്രനിരപ്പുയരുന്നത് പ്രതികൂലമായി ബാധിക്കും.
പശ്ചിമതീരത്ത് വ്യത്യസ്തതകള്‍ ഏറെയുള്ള ഏറ്റവും വലിയ തടാകമാണ് വേമ്പനാട്ടുകായല്‍. തൃശ്ശൂര്‍ ജില്ലയില്‍ വ്യാപിച്ചുകിടക്കുന്ന കോള്‍ നീര്‍ത്തടവും ചേര്‍ത്ത് വേമ്പനാട്ടു കോള്‍നീര്‍ത്തട വ്യവസ്ഥ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് രണ്ടുമീറ്റര്‍ വരെ താഴെ സ്ഥിതിചെയ്യുന്ന ഈ പ്രദേശമാകെ കടലെടുക്കും.
1512 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വേമ്പനാട്ട്‌കോള്‍ നീര്‍ത്തട വ്യവസ്ഥയിലേക്കു 10 നദികള്‍ വന്നുചേരുന്നുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ പഠനങ്ങളനുസരിച്ച് വേമ്പനാട്ടുകായലിന്റെ വിസ്തൃതി 1834-ല്‍ 36329 ഹെക്ടറായിരുന്നത് 1984 ആയപ്പോഴേക്കും 12504 ഹെക്ടറായിച്ചുരുങ്ങി. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കായലിന്റെ ആഴം ശരാശരി 6.7 മീറ്ററില്‍നിന്ന് 4.4 മീറ്ററായി. തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് ആഴം 3.5 മീറ്ററായി. കായലിന്റെ ജലസംഭരണശേഷിയും 2.449 ച. ഘനമീറ്ററില്‍നിന്ന് 0.559 ഘനമീറ്ററായി. വേമ്പനാട്ടു കായലിന്റെ അന്താരാഷ്ട്ര പ്രാധാന്യം കണക്കിലെടുത്ത് മനുഷ്യസമൂഹത്തിനു നിലനിര്‍ത്താന്‍ കഴിയുംവിധം കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളെ ബാധ്യതപ്പെടുത്തുന്നതിന് റാംസര്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2002 നവംബര്‍ 18-26 തിയ്യതികളില്‍ സ്‌പെയിനില്‍ ചേര്‍ന്ന റാംസര്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യയിലെ 13 നീര്‍ത്തടങ്ങള്‍ കൂടി റാംസര്‍സൈറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കേരളത്തിലെ അഷ്ടമുടിക്കായല്‍, ശാസ്താംകോട്ടക്കായല്‍ എന്നിവയും റാംസര്‍സൈറ്റില്‍ ഉണ്ട്. ഇവയുടെയെല്ലാം സമ്പൂര്‍ണനാശം വരാന്‍പോകുന്ന നാളുകളില്‍ കേരളീയര്‍ക്കു കാണാന്‍ കഴിയും. തണ്ണീര്‍ത്തടങ്ങള്‍ എല്ലാം ജലസംഭരണികളാണ്. വെള്ളത്തിലെ ജൈവവൈവിധ്യം, ഭൂഗര്‍ഭ ജലവിതാനം, ജലപരിസ്ഥിതിയിലെ പോഷക നിലവാരം, പ്രളയക്കെടുതികളും വരള്‍ച്ചയും കുറയ്ക്കുക തുടങ്ങിയ ധര്‍മങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍ക്കുള്ളത്. കേരളത്തിനെ ഫലഭൂയിഷ്ഠമാക്കുന്ന തണ്ണീര്‍ത്തടങ്ങളെല്ലാം അടുത്ത മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്കുള്ളില്‍ കടലിനടിയിലാകാം.
കുട്ടനാട്ടിലെ 23,660 ഏക്കര്‍ വരുന്ന കൃഷിനിലങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് രണ്ടുമീറ്റര്‍ വരെ താഴെയാണ് സ്ഥിതിചെയ്യുന്നത്. 16,280 ഹെക്ടര്‍ വരുന്ന ലോവര്‍ കുട്ടനാട് 1.5 മീറ്റര്‍ താഴെയും 10,576 ഹെക്ടര്‍ വരുന്ന അപ്പര്‍ കുട്ടനാട് 0.50 മീറ്റര്‍ ഉയര്‍ന്നും 3500 ഹെക്ടര്‍ പുറക്കാട്ടുകരി 1.5 മീറ്റര്‍ താഴെയും 6556 ഹെക്ടര്‍ വരുന്ന നോര്‍ത്ത് കുട്ടനാടും 54,124 ഹെക്ടര്‍ വരുന്ന വൈക്കം താലൂക്കിലെ വൈക്കംകരിയും സമുദ്ര നിരപ്പിലും താഴെയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തട ആവാസവ്യവസ്ഥയാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന കുട്ടനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 2,75,000 ഏക്കറാണ് കുട്ടനാടിന്റെ ആകെ വിസ്തൃതി.
സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടില്‍ കടല്‍ വെള്ളം കയറാതെ കാത്തുരക്ഷിക്കുന്നത് തോട്ടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള തീരപ്രദേശമാണ്. സമുദ്രനിരപ്പില്‍നിന്ന് രണ്ടുമീറ്റര്‍ വരെ ഉയരമുള്ള ഈ പ്രദേശങ്ങളില്‍ എവിടെയെങ്കിലും തകര്‍ച്ചനേരിട്ടാല്‍ കേരളത്തിന്റെ ജൈവ സമ്പുഷ്ടമായ വലിയൊരുമേഖല ഒന്നാകെ ഇല്ലാതാകും. സമുദ്രനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ രണ്ടു മീറ്റര്‍ മാത്രം ഉയരമുള്ള കുട്ടനാടിന്റെ സംരക്ഷണപ്രദേശത്തിനു പിടിച്ചുനില്‍ക്കാനാവാതെ വരും. ഒരു മീറ്റര്‍ ഉയരുന്ന സമുദ്രത്തിന്റെ തിരകള്‍ക്കു ഒരു മീറ്ററിലധികം ഉയരം വരാം.
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിനഗരം കടലിനടിയിലായാല്‍ കേരളത്തിന്റെ സ്ഥിതി സങ്കല്പിക്കാന്‍ പോലും സാധ്യമല്ല. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന സമുദ്രാധിപത്യത്തില്‍നിന്ന് ഇന്നത്തെ സംവിധാനത്തില്‍ കൊച്ചിയെയും രക്ഷിക്കേണ്ടേ.
കാലാവസ്ഥയുടെ ശരാശരി അവസ്ഥയിലോ, അതിന്റെ സ്വഭാവവ്യത്യാസത്തിലോ അനുഭവപ്പെടുന്ന ദീര്‍ഘകാല വ്യതിയാനത്തെയാണ് കാലാവസ്ഥ വ്യതിയാനംകൊണ്ട് അര്‍ഥമാക്കുന്നത്. അഗ്‌നിപര്‍വതം, സമുദ്രപ്രവാഹം, ഭൂഖണ്ഡചലനം തുടങ്ങി പ്രകൃത്യാഉണ്ടാകുന്ന പ്രക്രിയകള്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ആധുനികയുഗത്തില്‍ മനുഷ്യഇടപെടലുകള്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ഗതിവേഗം അതിശക്തമാക്കി. ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കൊണ്ട് ആഗോളതാപവര്‍ധന അപകടകരമാംവിധം ഉയരുകയാണ്.
ഐ.പി.സി.സി.യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ നൂറ്റാണ്ടില്‍ 6.4 ഡിഗ്രിവരെ ചൂട് വര്‍ധിക്കാനിടയുണ്ട്. കാര്‍ബണ്‍ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ഓസോണ്‍, ഫ്‌ളൂറിനേറ്റഡ് വാതകങ്ങള്‍ എന്നിവയാണ് ഹരിതഗൃഹ വാതകങ്ങള്‍. അന്തരീക്ഷത്തിലുള്ള ഹരിതവാതകങ്ങളുടെ 77 ശതമാനവും കാര്‍ബണ്‍ഡൈഓക്‌സൈഡാണ്. വ്യാവസായിക വിപ്ലവത്തിന് മുമ്പ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ തോത് 280 പി.പി.എം. ആയിരുന്നത് 2008 അവസാനം 392 പി.പി.എം. ആയി വര്‍ധിച്ചു. ഭാരതീയരെ ഒന്നടങ്കം കാലാവസ്ഥാവ്യതിയാനം കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശരാശരി താപവര്‍ധന വരുന്ന ദശാബ്ദങ്ങളില്‍ 5.5 ഡിഗ്രി വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ വ്യതിയാനത്തിനായുള്ള അന്താരാഷ്ട്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ താപമാന വര്‍ധന ഇന്ത്യയിലെ മഴയുടെ വിതരണക്രമത്തെയും ജലചക്രത്തെയും സാരമായി ബാധിക്കും. വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയും കാഠിന്യം കൂട്ടുകയും നദീജലത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
ആഗോളതാപമാനം ഏറ്റവും അധികം ബാധിക്കുന്നത് ഹിമാലയപ്രദേശങ്ങളിലുള്ള മഞ്ഞുമലകളെയാണ്. ഏഷ്യയിലെ ജലഗോപുരമാണ് ഹിമാലയം. ഇവിടെനിന്നുത്ഭവിക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികള്‍ വേനല്‍ക്കാലത്തും ജലസമ്പുഷ്ടമാകുന്നത് മഞ്ഞുരുകിയാണ്. ഈ മൂന്നു നദികളുടെ ഉദ്ഭവസ്ഥാനത്ത് 9575 മഞ്ഞുമലകളാണുള്ളത്.
ലോകത്തിന്റെ മറ്റുഭാഗത്തുള്ളതിനെക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ മഞ്ഞുരുകിക്കൊണ്ടിരിക്കുന്നത്. അന്തരീക്ഷതാപനം കൂടിവരുന്നതോടെ 2033-ല്‍ ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകിത്തീരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതെല്ലാം ഭാരതത്തിന് മൊത്തമായുണ്ടാകുന്ന വിപത്താണ്. ഇത്ര വലിയൊരു വിപത്ത് പടിവാതില്‍ക്കെലെത്തി നില്‍ക്കുമ്പോഴും നാം നിര്‍വികാരമായി നിലകൊള്ളുകയാണ്. പ്രതിസന്ധികള്‍ പ്രകൃതിദത്തമാണ്. ഇതിനെ എങ്ങനെ മറികടക്കുന്നുവെന്നതിലാണ് മനുഷ്യന്റെ വിജയം.