• Join - It's Free

അരങ്ങുണര്‍ന്നു

Started by mohammed Thuppilikkat on Saturday, January 9, 2010

കല്ലായിക്കടവത്തെ കരിവളക്കിലുക്കങ്ങളില്‍ മനസ്സു തപിച്ച കോഴിക്കോടിനെ കോരിത്തരിപ്പിച്ചുകൊണ്ട്‌ വീണ്ടും കൗമാര കലാമേളയെത്തിയപ്പോള്‍ ഉത്സവച്ഛായയില്‍ അത്‌ ഇതുവരെയുള്ള കലോത്സവങ്ങളെയെല്ലാം മറികടന്നു.ശനിയാഴ്‌ചത്തെ വൈകുന്നേരം മുതല്‍ ഇടവഴികളും നാട്ടുവഴികളും ദേശീയപാതയുമെല്ലാം നഗരത്തിന്റെ ഹൃദയമായ മാനാഞ്ചിറയിലേക്ക്‌ ഒഴുകിനിറഞ്ഞു. പല നിറങ്ങളില്‍ ബലൂണുകള്‍ പറത്തിച്ചും വര്‍ണക്കുടകള്‍ നിവര്‍ത്തിയും ഒരു മനസ്സോടെ പുരുഷാരമൊന്നാകെ കലയുടെ ഉത്സവനാളുകള്‍ക്ക്‌ ആവേശകരമായ തുടക്കമാണു കുറിച്ചത്‌. കലോത്സവത്തിന്റെ തിരിതെളിയും നേരത്ത്‌ ആകാശത്തു പൊട്ടിയ അമിട്ടുകളിലൊന്നില്‍നിന്ന്‌ കലോത്സവപ്പതാക ഒഴുകിയിറങ്ങിയതും പുരുഷാരം ആവേശത്തോടെ വരവേറ്റു.

ക്രിസ്‌ത്യന്‍ കോളേജ്‌ ഗ്രൗണ്ടില്‍നിന്ന്‌ ആരംഭിച്ച ഘോഷയാത്ര അക്ഷരാര്‍ഥത്തില്‍ നഗരത്തിനു വര്‍ണക്കാഴ്‌ചയായി. നടനചുവടുകളുടെ സംഗമത്തിന്‌ വേദി ഉണരുന്നതിനു മുന്നോടിയായി നഗരവീഥികളിലൂടെ നിറഞ്ഞൊഴുകിയ ഘോഷയാത്ര കാണാന്‍ റോഡിന്‌ ഇരുവശത്തും കാത്തുനിന്നത്‌ ആയിരങ്ങള്‍. പ്രധാന വേദിയായ മാനാഞ്ചിറ മൈതാനത്ത്‌ ഘോഷയാത്ര എത്തിയപ്പോള്‍ ആവേശം അലതല്ലി. ഘോഷയാത്രയും ഉദ്‌ഘാടനസമ്മേളനവും പതിവുപോലെ വൈകിയാണ്‌ തുടങ്ങിയതെങ്കിലും കാണികള്‍ ക്ഷമയോടെ കാത്തിരുന്നു.

ഉദ്‌ഘാടനസമ്മേളനത്തിനുശേഷം എട്ടു മണിയോടെ പ്രധാനവേദിയില്‍ മോഹിനിയാട്ടം തുടങ്ങി. ധനുരാവിലെ മഞ്ഞുവീഴുന്ന ആകാശത്തിന്‍കീഴില്‍ പൂരംപോല്‍ നിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി മോഹിനിമാര്‍ ആടി. ലാസ്യഭാവങ്ങളാല്‍ ഹൃദയം കവര്‍ന്ന മോഹിനിമാര്‍ മാനാഞ്ചിറയിലെ നൃത്തവേദിയ ചിലപ്പോള്‍ ഗോകുലവും ചിലപ്പോള്‍ ശിവശൈലവുമാക്കി.

വാസവദത്തയുടെ കാത്തിരിപ്പും യക്ഷന്റെ മേഘസന്ദേശവും ആസ്വാദകരില്‍ പ്രണയം പടര്‍ത്തിയ രാത്രിയില്‍ കലോത്സവവേദി അഴകിന്റെ മുദ്രകളാല്‍ ധന്യമായി. വര്‍ണസാഹിത്യത്തില്‍ പതിവുകൃഷ്‌ണലീലകള്‍ക്കും ശിവകേളികള്‍ക്കുമൊപ്പം മലയാള കവിതാ ശാഖകളും ഇടം കണ്ടെത്തി. രാത്രി വൈകുവോളം നീണ്ട മത്സരം കാണാന്‍ മന്ത്രി എം.എ. ബേബി ഏറെനേരം സദസ്സിലുണ്ടായി.

മലബാര്‍ ക്രിസ്‌ത്യന്‍ കോളേജ്‌ ഗ്രൗണ്ടില്‍ ആറുമണിക്ക്‌ തുടങ്ങേണ്ട കേരളനടനം ഒന്നര മണിക്കൂര്‍ വൈകി 7.30-നു തുടങ്ങി. 22 പേര്‍ മത്സരിക്കാനെത്തിയപ്പോള്‍ ഇതില്‍ എട്ടുപേര്‍ അപ്പീലില്‍ അനുമതി ലഭിച്ചവരാണ്‌.

ടൗണ്‍ഹാളില്‍ മൂകാഭിനയമത്സരത്തില്‍ സാമൂഹികവിമര്‍ശനമായിരുന്നു എല്ലാവരുടെയും പ്രധാന വിഷയം. 2009-ല്‍ നടന്ന പ്രധാന സംഭവം മുതല്‍ ദിവ്യജോഷിയുടെ മരണം, ഇന്റര്‍നെറ്റ്‌വഴിയുള്ള കുട്ടികളുടെ വഴിതെറ്റല്‍, റോഡപകടം എന്നിവ വിഷയങ്ങളായി. സ്വരങ്ങളും നാദവീഥികളും പെയ്‌തിറങ്ങിയ സ്‌കൂള്‍ കലോത്സവവേദിയിലെ ആദ്യയിനങ്ങളില്‍ ഒന്നായ വീണമീട്ടല്‍ മത്സരം കോഴിക്കോടിന്റെ ഹൃദയതന്ത്രികള്‍ ആര്‍ദ്രമാക്കി.

മത്സരം തുടങ്ങാന്‍ മുക്കാല്‍മണിക്കൂര്‍ വൈകിയെങ്കിലും കുട്ടികള്‍ ക്ഷമയോടെ മാറ്റുരയ്‌ക്കാന്‍ കാത്തിരുന്നു.

പതിവുപോലെ വീണാവാദന വേദിയില്‍ പെണ്‍കുട്ടികളുടെ ആധിപത്യമായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലകളില്‍നിന്ന്‌ നേരിട്ട്‌ പത്തു പേരും അപ്പീലിലൂടെ രണ്ടു പേരും മത്സരത്തിനെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ ഒരു ആണ്‍കുട്ടി മാത്രമേ മത്സരത്തിനുള്ളൂ.

Create a free account or login to participate in this discussion