വീട്ടില്നിചന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്ക്കിങടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്മപണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി.മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും.കാണെക്കാണെ വായുവില്നിളന്ന് വിരലുകളുടെ വിടപറച്ചിലും നേര്ത്തു വരും.വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്...ഒരു പൊതിച്ചോറ്.
പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്സ്വാ ദാണ് പൊതിച്ചോറിന്റേത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു.ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും.ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്നികന്ന് പലതും തികട്ടിവരും.ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും.മിക്കവാറും മുഴുമിപ്പിക്കാനാകില്ല.കറികളുടെ പല നിറങ്ങള്‍ കലര്ന്ന് , ചിതറിയ ഓര്മ്മോപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്.
എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്മ്മാച്ചോറ്.ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്ന്നുങ നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്.
പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്ന്നുത വന്നത് സ്‌കൂള്മുലറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്സിുലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും.
അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു.ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍.കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്ണ്ണനമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി.ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു.പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്ന്നടതായിരുന്നു.അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി.വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്നിിന്ന് വാര്ന്നു പോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു.
പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്ത്തൊ ലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു.
രുചികളുടെ ജുഗല്ബതന്ദിയാണ് പൊതിച്ചോറിന്റെ ആസ്വാദ്യത.എരിവിന്റേയും പുളിയുടേയും തനിയാവര്ത്തണനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍.ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം.വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു.
പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്പ്പെ ടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്ന നിറച്ചേരുവ.നിവര്ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്ക്കാ ന്‍ ഒഴികറിയാകാം.ചേര്ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്ത്തൊ രു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം.
പൊതിച്ചോറിന്റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്.ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം.ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം.
ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്ക്കുിന്നു.അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.അടുക്കളയിലെ അമ്മ,വാതില്പ്പിരറകിലെ പെങ്ങള്‍,അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍..
പാഥേയങ്ങള്‍ അവരൊക്കെത്തന്നെയാണ്.